സ്കൂളിനു മുന്നില്‍ വിദ്യാർത്ഥിക്ക് കുത്തേറ്റു; നെഞ്ചിൽ കത്തി കുത്തിയ നിലയിൽ പൊലീസ് സ്റ്റേഷനിൽ എത്തി 15 കാരൻ
ന്യൂഡൽഹി: ഡൽഹിയിലെ പഹർഗഞ്ച് മേഖലയിൽ സ്കൂൾ ഗേറ്റിനു മുന്നിൽ 15 കാരനായ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് ബാലന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിൽ കത്തി കുത്തിയ നിലയിൽ വിദ്യാർത്ഥി തന്നെ പൊലീസിനെ സമീപിച്ചതോടെ സംഭവവികാസങ്ങൾ പുറത്തറിഞ്ഞു.
പഹർഗഞ്ച് സർവോദയ ബാല വിദ്യാലയത്തിന് മുന്നിലാണ് ആക്രമണം നടന്നത്. സഹപാഠികളായ മൂന്നുപേർ വിദ്യാർത്ഥിയെ പിടികൂടി, ആദ്യം പൊട്ടിയ ബിയർ ബോട്ടിൽ കൊണ്ട് ഭീഷണിപ്പെടുത്തി, തുടർന്ന് കത്തി കുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിൽ പൊലീസ് വിദ്യാർത്ഥിയെ ആദ്യം കലാവതി സരൺ ആശുപത്രിയിലും പിന്നീട് ആർ.എം.എൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ നെഞ്ചിൽ കുടുങ്ങിക്കിടന്ന കത്തി പുറത്തെടുത്തു.
സംഭവത്തിന് പിന്നിൽ പ്രതികാരമാണ് കാരണമെന്ന് പൊലീസ് കണ്ടെത്തി. പത്ത് ദിവസം മുമ്പ് പ്രതികളിൽ ഒരാൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയാണ് ഉത്തരവാദിയെന്ന് സംശയിച്ച് ഇയാൾ കൂട്ടുകാരോടൊപ്പം പ്രതികാരം പദ്ധതിയിട്ടതായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ 15നും 16നും ഇടയ്ക്കുള്ള പ്രായമുള്ള മൂന്ന് ബാലന്മാരെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഭാരതീയ ന്യായ സൻഹിതയും ആയുധനിയമവും പ്രകാരം കേസെടുത്തിട്ടുണ്ട്.
പഹർഗഞ്ച് പൊലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയുധങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്കൂൾ പരിസരത്ത് നടന്ന സംഭവം ആശങ്ക ഉയർത്തിയിരിക്കുകയാണ്.