‘കാക്കനാടനെ ജീവിതത്തിൽ കണ്ടിട്ടേയില്ല’; ആരോപണങ്ങളെ തള്ളി ഡോ: ബഹാഉദ്ദീൻ നദ്‌വി
മലപ്പുറം: പ്രമുഖ മലയാള സാഹിത്യകാരൻ കാക്കനാടന്റെ ‘കുടജാത്രിയുടെ സംഗീതം’ എന്ന പുസ്തകത്തിൽ വന്ന പരാമർശം വാസ്തവ വിരുദ്ധമാണെന്ന് സമസ്ത നേതാവ് ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി. കഴിഞ്ഞദിവസം സിപിഎം നേതാവ് നാസർ കൊളായി കാക്കനാടന്റെ പുസ്തകത്തിലുള്ള പരാമർശം ഉയർത്തിപ്പിടിച്ച് നദ്‌വിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
1989 ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘കുടജാത്രിയുടെ സംഗീതം’ എന്ന പുസ്തകത്തിലാണ് ബഹാഉദ്ദീൻ നദവിയുടെ പേര് പരാമർശിച്ചിരുന്നത്. കർണാടകയിലൂടെയുള്ള വിനോദസഞ്ചാരത്തിനിടെ തന്റെ കൂടെ യാത്ര ചെയ്ത ശുഭ വസ്ത്രധാരിയായ പണ്ഡിതനെ കുറിച്ചാണ് കാക്കനാടൻ എഴുതിയത്. അദ്ദേഹം തനിക്ക് ഒരു പുസ്തകം നൽകി എന്നും അത് തന്റെ പുസ്തകം ആണെന്ന് പരിചയപ്പെടുത്തി എന്നും കാക്കനാടൻ പറയുന്നു.
‘ഇസ്ലാമും ക്രിസ്തുമതവും’ എന്ന പുസ്തകത്തിൽ ഗ്രന്ഥകാരന്റെ പേര് ബഹാഉദ്ധീൻ കൂരിയാട് എന്നായിരുന്നു എന്നാണ് കാക്കനാടന്റെ പരാമർശം. സഹയാത്രികന്റെ പെരുമാറ്റവും സ്വഭാവവും ഒരു മത പുരോഹിതന് യോജിച്ചതല്ല എന്ന തരത്തിൽ കാക്കനാടൻ വിവരിക്കുന്നു.
കഴിഞ്ഞദിവസം സമസ്തയുടെ മീലാദ് സമ്മേളനത്തിൽ നദ്‌വി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ വലിയ ചർച്ചക്ക് തിരികൊളുത്തിയിരുന്നു. അതിനെ തുടർന്ന് സിപിഎമ്മും ചില മാധ്യമങ്ങളും തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ വിവാദം എന്ന് ബഹാഉദ്ധീൻ നദ്‌വി പറഞ്ഞു.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ കാക്കനാടൻ പുസ്തകത്തിലെ ഭാഗങ്ങൾ ചില ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നുവെന്നും അന്നുതന്നെ തന്റെ നിഷേധക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാക്കനാടനെ ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹം പുസ്തകം എഴുതുന്ന കാലത്ത് പുസ്തകത്തിൽ പറഞ്ഞപോലെ താൻ മധ്യവയസ്കനോ, നര ബാധിച്ച് തുടങ്ങിയ ആളോ ആയിട്ടില്ല. അദ്ദേഹത്തിൻറെ പരാമർശത്തിലെ വസ്ത്രധാരണ ശൈലി തനിക്കുണ്ടായിരുന്നില്ല. ബഹാഉദ്ധീൻ നദ്‌വി പറഞ്ഞു.