KeralaPolitics

‘പിണറായി വിജയന്‍ അയ്യപ്പ ഭക്തന്‍: വെള്ളാപ്പള്ളി നടേശന്‍

“ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നതില്‍ 90 ശതമാനം മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റുകാരാണ്.“

ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പഭക്തനായതുകൊണ്ടാണ് അയ്യപ്പസംഗമത്തില്‍ നിന്ന് അയ്യപ്പന്റെ പ്രതിമ സ്വീകരിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭക്തനല്ലെങ്കില്‍ തനിക്ക് അത് വേണ്ടെന്ന് മുഖ്യമന്ത്രി പറയുമായിരുന്നു. ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്കൊപ്പം ഒരുവാഹനത്തിലാണല്ലോ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനെത്തിയതെന്ന് ചോദ്യത്തിന് മറുപടി ഇങ്ങനെ; നേരത്തെയും അദ്ദേഹത്തെ കൈകൊടുത്ത് പൊക്കി കൊണ്ടുനടന്നിട്ടില്ലേ?. അദ്ദേഹം എന്നെയും പൊക്കി കൊണ്ട് നടന്നിട്ടില്ലേ?. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അടുത്ത തവണയും അദ്ദേഹം തന്നെയാകും മുഖ്യമന്ത്രി. വേറെ ആരെങ്കിലും മുഖ്യമന്ത്രിയാകുന്നതുകൊണ്ട് കാര്യമില്ല. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള ഏകയോഗ്യന്‍ അദ്ദേഹം മാത്രമേയുള്ളൂ. എല്ലാവരെയും കൊണ്ടുനടക്കാനുള്ള കഴിവും എല്ലാവരെയും മെരുക്കി കൊണ്ടുപോകാനുള്ള ശക്തിയും ഇന്ന് പിണറായിക്കുള്ളതുപോലെ മറ്റാര്‍ക്കും ഇല്ല.

‘യുഡിഎഫില്‍ ദിവസവും ഇടിയുടെ പൂരമല്ലേ നടക്കുന്നത്. അവര്‍ തമ്മില്‍ ഐക്യമുണ്ടോ. പിണറായിയുടെ നല്ല കാലമാണ് ഇത്. ഞാന്‍ അദ്ദേഹത്തിന് പണ്ടേ പിന്തുണ കൊടുത്ത ആളാണ്. യുഡിഎഫ് അപ്രസക്തമായി. യുഡിഎഫിന്റെ കണ്‍വീനര്‍ വന്നതോടെ അത് നാമാവശേഷമായി. അദ്ദേഹം പറയുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ?. രാഹുലിനോട് അസംബ്ലിയില്‍ വരരുതെന്ന് പറഞ്ഞിട്ട് വന്നില്ലേ. കണ്‍വീനറുടെ ഇമേജ് മൈനസില്‍ നിന്ന് മൈനസിലേക്ക് പോയിരിക്കുകയാണ്.

അവരെല്ലാം അയ്യപ്പഭക്തരാണ്. ആദര്‍ശത്തിന് വേണ്ടി പണ്ടെല്ലാം നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നതില്‍ 90 ശതമാനം മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റുകാരാണ്. പിണറായി തന്നെ രണ്ടുതവണ ഇവിടെ വന്നിട്ടില്ലേ. ഭക്തനല്ലെങ്കില്‍ വരുമോ. ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ട്. ഇപ്പോ തന്നെ അയ്യപ്പനെയല്ലേ പുള്ളി ഹൃദയം കൊണ്ട് സ്വീകരിച്ചത്. ഭക്തനല്ലെങ്കില്‍ തനിക്ക് അത് വേണ്ടെന്ന് പറഞ്ഞനേ. സന്തോഷമായിട്ട് മേടിച്ചില്ലേ’ വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *