പലസ്തീനിനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിച്ചു; ചരിത്ര പ്രഖ്യാപനവുമായി യുകെ, കാനഡ, ഓസ്ട്രേലിയ
ചരിത്ര നിലപാടെടുത്ത് ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ. പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതായി മൂന്ന് രാജ്യങ്ങളും പ്രഖ്യാപനം നടത്തി. കസയിൽ തുടരുന്ന സംഘർഷവും ജുരാഷ്ട്ര പരിഹാരത്തിൻ്റെ സാധ്യത നഷ്ടപ്പെടുന്ന സാഹചര്യവും പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി.
ദ്വിരാഷ്ട്രപരിഹാരത്തിന്റെ സംരക്ഷണവും നിത്യ സമാധാനത്തിലേക്കുള്ള വഴി തുറക്കലുമാണ് ഈ പ്രഖ്യാപനത്തിന് പിന്നിൽ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചു. സമാധാന സാധ്യത നിലനിർത്തുക എന്നത് മാത്രമാണ് ബ്രിട്ടന്റെ നയമെന്നും ഇസ്രായേലി തടവുകാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ചരിത്ര പ്രഖ്യാപനത്തോടെ കാനഡ പലസ്തീൻ അനുകൂലമായി പരസ്യ നിലപാടെടുത്ത ആദ്യ ജി-7 രാജ്യമായി. പലസ്തീൻ രാഷ്ട്രത്തെ കാനഡ അംഗീകരിക്കുന്നെന്നും ഇസ്രായേലിന്റെയും പലസ്തീനിന്റെയും സമാധാനപൂർണ്ണമായ ഭാവി പടുത്തുയർത്താൻ എല്ലാവിധ ശ്രമങ്ങളും രാജ്യത്തുനിന്ന് ഉണ്ടാകുമെന്നും കാനഡ പ്രധാനമന്ത്രി മാർക്ക് കാർനെ X ൽ പോസ്റ്റ് ചെയ്തു.
കഴിഞ്ഞവാരം ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തിന് മുമ്പേ കാനഡയും ഓസ്ട്രേലിയയും പാലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് അറിയിച്ചിരുന്നു. മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ജിഹാദികൾ ആയ ഹമാസിനുള്ള അംഗീകാരം മാത്രമാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. എന്നാൽ, ഗാസയിൽ നിലവിലുള്ള കുടുംബങ്ങളിൽ നിന്ന് തങ്ങൾക്ക് ലഭിച്ച അപേക്ഷകൾ തള്ളിക്കളയാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു.
ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ 142 രാജ്യങ്ങൾ പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന പ്രമേയത്തിൽ ഒപ്പു വച്ചിരുന്നു. അമേരിക്ക അടക്കമുള്ള ഏതാനും രാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്ത രംഗത്ത് വന്നത്. ഗാസയിൽ ഇസ്രായേൽ ആക്രമണം അതിശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കാനഡയും ഓസ്ട്രേലിയയും ബ്രിട്ടനും ചരിത്രപരമായ നിലപാടെടുത്ത് മുന്നോട്ടുവന്നത്.