പലസ്തീൻ പതാകയിലെ നിറമുള്ള വസ്ത്രം ധരിച്ചതിന് പുറത്താക്കി; തണ്ണീർമത്തൻ വസ്ത്രവുമായി തിരിച്ചെത്തി.
ആംസ്റ്റര്‍ഡാം: പലസ്തീന്‍ പതാകയിലെ നിറങ്ങളോട് സാദൃശ്യമുളള വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തിയ എംപിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍. ഡച്ച് എംപി എസ്തര്‍ ഔവഹാന്‍ഡിനോടാണ് സ്പീക്കര്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ എസ്തര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ ഇടപെടുകയായിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പിവിവി) നേതാവാണ് സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ. ഒന്നിലേറെ തവണ ഔവെഹാന്‍ഡിന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തി.
‘നിങ്ങള്‍ ആ പതാകയുമായി ഇവിടെ നില്‍ക്കുന്നത് അധിക്ഷേപകരമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, വസ്ത്രം മാറി തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. വസ്ത്രം മാറാതെ പ്രസംഗം തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചുവപ്പ്, പച്ച, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് നിയമങ്ങളില്‍ കണ്ടിട്ടില്ലെന്നും ഔവെഹാന്‍ഡ് മറുപടി നല്‍കി.
ഒടുവില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഔവെഹാന്‍ഡിന് സഭ വിടേണ്ടി വന്നു. പിന്നീട്, സമൂഹമാധ്യമങ്ങളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി വ്യാപകമായി കണക്കാക്കപ്പെടുന്ന തണ്ണിമത്തന്റെ ചിത്രം പ്രിന്റ് ചെയ്ത ഷര്‍ട്ട് ധരിച്ച് അവര്‍ തിരിച്ചെത്തി. അതേസമയം, പാര്‍ലമെന്റ് വേദി നിഷ്പക്ഷമായിരിക്കണമെന്നും രാഷ്ട്രീയചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
‘രാജാവ് നമ്മുടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഗാസയില്‍ ഒരു വംശഹത്യ നടക്കുകയാണ്. കുട്ടികളും കുടുംബങ്ങളും പട്ടിണി കിടന്ന് മരിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ ഗാസയിലായിരിക്കണം’- ഔവെഹാന്‍ഡ് ‘എക്‌സി’ല്‍ കുറിച്ചു. ഗാസയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഭരണകക്ഷി ‘വംശഹത്യ’ എന്ന പദം ഒഴിവാക്കുകയാണെന്ന് താന്‍ വിശ്വസിക്കുന്നതായി ഔവെഹാന്‍ഡ് പറഞ്ഞു. പരിക്കേറ്റ പലസ്തീന്‍ കുട്ടികളെ ഡച്ച് ആശുപത്രികളില്‍ ചികിത്സിക്കാന്‍ ഭരണകക്ഷി ആഗ്രഹിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.