International NewsNationalPolitics

നേപ്പാളിലെ സംഘർഷം അതിർത്തിയിലേക്കും; ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ്

കാഠ്മണ്ഡു: നേപ്പാളിൽ വ്യാപകമായ പ്രതിഷേധങ്ങളും അക്രമങ്ങളും തുടരുന്നതിനെ തുടർന്ന് ഇന്ത്യ–നേപ്പാൾ അതിർത്തി മേഖലയിൽ സുരക്ഷ ശക്തമാക്കി. ഏകദേശം 1751 കിലോമീറ്ററിൽ അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, സിക്കിം സംസ്ഥാനങ്ങളിൽ ഉയർന്ന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

നേപ്പാളിൽ സാമൂഹ്യ മാധ്യമ നിരോധനത്തിനെതിരെ ആരംഭിച്ച യുവജനങ്ങളുടെ പ്രതിഷേധം രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ നേപ്പാൾ സേന രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും, പല സ്ഥലങ്ങളിലും നിയന്ത്രണ ഉത്തരവുകൾ കൊണ്ടുവന്നിരിക്കുകയാണ്.

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാരോട് അത്യാവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാം ഒഴിവാക്കാൻ നിർദേശം നൽകി. വിമാനത്താവളങ്ങൾ അടച്ചതിനാൽ കാഠ്മണ്ഡുവിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. അതിർത്തി കടന്നുപോകുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതിയുണ്ടെങ്കിലും, പുതിയ പ്രവേശനങ്ങൾ നിയന്ത്രണവിധേയമാണ്.

ഉത്തർപ്രദേശിലെ ഏഴ് അതിർത്തി ജില്ലകളിൽ (പിലീഭീത്, ലഖിംപുര്‍ ഖേരി, ബഹ്റൈച്ച്, ശ്രാവസ്തി, ബല്രാംപൂര്‍, സിദ്ധാര്‍ഥ്‌നഗര്‍, മഹരാജ്ഗഞ്ച്) സുരക്ഷാ സേനകളെ ശക്തമായി വിന്യസിച്ചിട്ടുണ്ട്. അതിർത്തി പരിശോധന കേന്ദ്രങ്ങളിൽ ഡ്രോൺ, ആന്റി-ഡ്രോൺ സംവിധാനം, മുഖപരിചയ സാങ്കേതിക വിദ്യ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമബംഗാളിലെ സിലിഗുറി-പാനിറ്റാങ്കി മേഖലയിൽ ഗവർണർ സി.വി. ആനന്ദബോസ് സന്ദർശനം നടത്തും. ഇവിടെ അതിർത്തി സുരക്ഷ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

ഉത്തരാഖണ്ഡിലെ പിതോറാഗഡ് ജില്ലയിൽ, നേപ്പാളുമായി ഉള്ള ‘റോട്ടി-ബേട്ടി’ ബന്ധം കാരണം നാട്ടുകാർ ആശങ്കയിലാണ്. വ്യാപാരവും സാമൂഹിക ഇടപാടുകളും കുറഞ്ഞിരിക്കുകയാണ്.

നേപ്പാളിലെ സ്ഥിതി വഷളാകുന്നതിനാൽ ഇന്ത്യയിലെ അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുമെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *