KeralaPolitics

‘തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണം’; മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്‌ എംഎൽഎ

മലപ്പുറം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ. താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീനാണ് രംഗത്തെത്തിയത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ലാ വിഭജനം അനിവാര്യമാണെന്നാണ് മൊയ്തീന്റെ നിലപാട്.

പതിറ്റാണ്ടുകളായുള്ള മലപ്പുറത്തുകാരുടെ ആവശ്യമാണ് തിരൂർ കേന്ദ്രീകരിച്ച് മറ്റൊരു ജില്ല. ഇതിനായി വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. പെരിന്തൽമണ്ണ മുതൽ ചങ്ങരംകുളം വരെയാണ് ഭൂപരിധി. നിലവിലെ കണക്ക് അനുസരിച്ച് 50 ലക്ഷത്തോളം ജനങ്ങളുണ്ട് ജില്ലയിൽ. വികസന പ്രവർത്തനങ്ങൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്നില്ലെന്നാണ് എംഎൽഎയുടെ ആക്ഷേപം.

ജില്ല വിഭജന ആവശ്യത്തിന് മുസ്‍ലിം ലീഗിന്റെ പിന്തുണ ഉണ്ടോ എന്നത് വ്യക്തമല്ല. ജില്ലാ രൂപീകരിക്കുന്നതിനു എതിർപ്പ് ഇല്ലെങ്കിലും സാമുദായിക പ്രശ്നമായി ഉയർന്നുവരുമെന്ന ആശങ്കയാണ് സിപിഎമ്മിന്റെ മൗനത്തിനു കാരണമെന്നാണ് വിലയിരുത്തൽ. ബിജെപിക്ക്‌ സുഗമമായി പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെയാണ് മലപ്പുറത്ത് മൂന്നു ജില്ലാ കമ്മിറ്റി വന്നതെന്നും നിലവിൽ ബിജെപിയും ഇതിന് അനുകൂലമാകുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ സംഘ്പരിവാറിന്റെ വിദ്വേഷ പോസ്റ്റുകൾക്ക് എംഎൽഎയുടെ മറുപടി.

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ മുസ്ലിം ലീഗ് എംഎല്‍എ കെഎൻഎ ഖാദർ 2019 ൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. 2015ൽ മലപ്പുറം ജില്ലാ പഞ്ചായത്തും ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന് പി വി അൻവറും അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *