പ്രശ്‌നക്കാർ ഏതാനും വ്യക്തികൾ മാത്രം; സമസ്തയിലെ വിവാദങ്ങൾ ഗൗരവത്തിൽ എടുക്കേണ്ടതില്ല: മുസ്‌ലിം ലീഗ്
മലപ്പുറം: സമസ്തയിൽ രൂക്ഷമായി തുടരുന്ന വിവാദങ്ങൾ ഗൗരവത്തിൽ കാണേണ്ടതില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഭാരവാഹിയോഗം മലപ്പുറത്ത് നടന്നത്.
സമസ്തക്ക് അകത്തെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നത് ലീഗിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അത് സമസ്തയുടെ ശക്തിയെ ദുർബലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും സഹായങ്ങൾ ആവശ്യപ്പെട്ടാൽ പരിഹാരത്തിന് മുന്നിൽ നിൽക്കുമെന്നും ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടു.
സമസ്തയിലെ ഏതാനും ഉന്നതരായ വ്യക്തികൾ മാത്രമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും അവരെ പരിഗണിക്കേണ്ടതില്ലെന്നും മുസ്ലിംലീഗിനോട് ആഭിമുഖ്യമുള്ള നേതാക്കളും പ്രവർത്തകരും അവരുടെ നിലപാട് സ്വീകരിക്കുന്നുണ്ടെന്നുമാണ് ലീഗിൻറെ വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് പാർട്ടി പ്രവേശിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പാർട്ടിയുടെ മതേതര സ്വഭാവം കാത്തു സംരക്ഷിക്കാൻ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും തയ്യാറാവണമെന്നും യോഗത്തിൽ അഭിപ്രായം വന്നു.
ഐക്യജനാധിപത്യ മുന്നണിയിൽ ലീഗ് കാണിക്കുന്ന വിട്ടുവീഴ്ച മനോഭാവം പലപ്പോഴും കോൺഗ്രസിൽ നിന്ന് ലഭിക്കുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ലീഗിന് ശക്തിയുള്ള മലബാർ മേഖലയിൽ ഉറച്ച സീറ്റുകളിൽ പോലും മുന്നണി മര്യാദ പാലിച്ച് കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായിട്ടും തെക്കൻ ജില്ലകളിൽ മുസ്ലിം ലീഗിന് പാടെ അവഗണിക്കുന്ന ശൈലിയാണ് കോൺഗ്രസ് എടുക്കുന്നത്. കൊല്ലം ജില്ലാ യുഡിഎഫ് കൺവെൻഷൻ ലീഗ് നേതൃത്വം ബഹിഷ്കരിച്ചതും യോഗത്തിൽ ചർച്ചയായി.