Kerala

മലപ്പുറത്ത് മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

വണ്ടൂർ: മലപ്പുറം ജില്ലയിൽ വണ്ടൂർ അമ്പലപ്പടിയിൽ ഏഴ് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17, 18-ാം വാർഡുകളിൽ വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.അമ്പലപ്പടി കോർട്ടേഴ്സിൽ താമസിക്കുന്ന സിയാറം (71), ഗ്രീഷ്മ (29), റിതേഷ് (7) എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്ടർ സർവേ, വെക്ടർ കളക്ഷൻ, ലാർവ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പനി സർവേ, ഉറവിട നശീകരണം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ നടപടികളും പുരോഗമിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഏകോപനത്തിന്റെ ഭാഗമായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ തിങ്കളാഴ്ച (സെപ്തംബർ 29) രാവിലെ 8 മണിമുതൽ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എല്ലാ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയോഗിച്ചു. ആശ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി ടീമുകളായി തിരിഞ്ഞ് ഇവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റു ജലസ്രോതസ്സുകളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രാത്രിയിൽ നടന്ന പരിശോധനയിൽ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിനെയും അതിന്റെ ലാർവകളെയും കണ്ടെത്തി. പരിസരപ്രദേശങ്ങളിൽ പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *