KeralaPolitics

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവിന്റെ കൊലവിളി: പ്രാധാന്യമുള്ള വിഷയമല്ലെന്ന് സ്പീക്കർ, സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തൃശൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവിന്റെ കൊലവിളി പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ഗൗരവതരമാണെന്നും സഭ നിർ‌ത്തിവച്ച് ചർ‌ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാൽ‌ നോട്ടീസ് അവതരിപ്പിക്കാൻ തക്ക പ്രാധാന്യമോ അടിയന്തര സ്വഭാവമോ ഇക്കാര്യത്തിലുള്ളതായി കാണുന്നില്ലെന്ന് പറഞ്ഞ് സ്പീക്കർ എ എൻ ഷംസീർ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങൾ കയറി. തുടർന്ന് വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പിരിഞ്ഞു.

‌ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്ന് പറഞ്ഞ കേസാണിതെന്നും ഇത് ഗൗരവതരമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറ‍ഞ്ഞു. ‌അത് നിസ്സാരമായ വിഷയമാണെന്നും ഗൗരവം ഇല്ലാത്ത വിഷയമാണെന്നും സ്പീക്കർ പറഞ്ഞതിൽ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സതീശൻ‌ പറഞ്ഞു. ‌

രാജ്യത്തെ ഏറ്റവും വലിയ നേതാവിന്റെ നെഞ്ചിൽ വെടിയുണ്ട ഉതിർക്കുമെന്ന് പറഞ്ഞത് എങ്ങനെ നിസ്സാരമാകും. പ്രതിയെ സർക്കാർ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു ടിവി ചർച്ചയ്ക്ക് അകത്ത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *