കോപ്പിയടിച്ചതിനു ഡീബാർ ചെയ്ത എസ്.എഫ്.ഐ നേതാവിന് ഡിഗ്രിക്ക് പുന:പ്രവേശനം.
തിരുവനന്തപുരം: കോളജ് പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി പിന്‍വലിച്ചതിന്റെ മറവില്‍, കോപ്പിയടിച്ചതിന് 2027 വരെ ഡീബാർ ചെയ്ത മുൻ എസ്.എഫ്.ഐ നേതാവിന് അതേ കോളജില്‍ വീണ്ടും പ്രവേശനം നല്‍കിയതായി പരാതി.
തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജിലെബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന എസ്.എഫ്.ഐ നേതാവ് എം.പി. ആദര്‍ശിനാണ് കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം നേരിട്ട് നടത്തിയ സ്‌പോട്ട് അഡ്മിഷനില്‍ അതേ കോളജില്‍ ബി.എസ്.സി കെമിസ്ട്രിക്ക് പ്രവേശനം നല്‍കിയത്.പ്രവേശന പ്രായപരിധി നിര്‍ത്തലാക്കിയതോടെ പഠനം ഉപേക്ഷിച്ചിരുന്ന പ്രായത്തില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം ലക്ഷ്യം വെച്ച് കോളജുകളില്‍ പുനഃപ്രവേശനം നേടുന്നത് വ്യാപകമായതായി പരാതിയുണ്ട്.
ഒഴിവുള്ള ബിരുദസീറ്റുകളില്‍ പ്രവേശനം നല്‍കുന്നതിന് കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സര്‍വകലാശാല നേരിട്ട് നടത്തിയ സ്‌പോട്ട്അഡ്മിഷനിലാണ് 2027 വരെ വിലക്കേര്‍പ്പെടുത്തിയത് മറച്ചുവച്ചു എസ്.എഫ്.ഐ നേതാവ് കാര്യവട്ടം യൂണിവേഴ്‌സിറ്റി ഗവണ്‍മെന്റ്‌കോളജില്‍തന്നെ പ്രവേശനം നേടിയത്.
2016-19 ല്‍ കാര്യവട്ടത്ത് സ്റ്റാറ്റിസ്റ്റിക്‌സ് ബി.എസ്.സി വിദ്യാര്‍ത്ഥിയായ എസ്.എഫ്.ഐ മുന്‍ ഏരിയാസെക്രട്ടറി എം.ബി.ആദര്‍ശ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സപ്ലിമെന്ററി പരീക്ഷ എഴുതവേ ഇയാളില്‍നിന്ന് ഇന്‍വിജിലേറ്റര്‍ ഒരു ഫോണ്‍ പിടിച്ചെടുക്കുകയും കഴക്കൂട്ടം പൊലീസിന് വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ ആദര്‍ശില്‍ നിന്ന് മറ്റൊരു ഫോണ്‍ കൂടി പിടിച്ചെടുത്തു. ഇയാള്‍ ചോദ്യപേപ്പര്‍ വാട്‌സപ്പ് വഴി പുറത്ത് അയച്ചു കൊടുക്കുകയും സുഹൃത്ത് ഉത്തരങ്ങള്‍ വാട്ട്‌സപ്പ് മുഖേന തിരികെ അയക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.
സര്‍വകലാശാലയുടെ സ്ഥിരം അച്ചടക്കസമിതി കോപ്പിയടി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എഴുതിയ പരീക്ഷകള്‍ റദ്ദാക്കി 2025 മുതല്‍ രണ്ടു വര്‍ഷത്തേക്ക്യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതുന്നതില്‍ നിന്നും സ്ഥിരമായി വിലക്കിക്കൊണ്ടുള്ള ശിക്ഷയാണ് നടപ്പിലാക്കിയത്. ഈ നേതാവിനാണ് ഇപ്പോള്‍ അതേ കോളജില്‍ തന്നെ കെമിസ്ട്രി ഐച്ഛിക വിഷയമായി നാലുവര്‍ഷ ബിരുദ കോഴ്‌സിന്റെ ഒന്നാം സെമസ്റ്ററില്‍ പ്രവേശനം അനുവദിച്ചത്.