Thursday, November 21, 2024
Health

കാലില്‍ ചെരുപ്പില്ലാതെ ദിവസവും പുല്ലില്‍ നടക്കണം; ഗുണങ്ങള്‍ പലത്‌ …

കാലില്‍ ചെരുപ്പില്ലാതെ വീടിന്‌ പുറത്തേക്ക്‌ ഇറങ്ങാത്തവരാണ്‌ ഇന്ന്‌ പലരും. എന്നാല്‍ ദിവസവും ഒരു അര മണിക്കൂര്‍ നേരം ചെരുപ്പെല്ലാം അഴിച്ച്‌ വച്ച്‌ നഗ്നപാദരായി പുല്ലിന്‌ മുകളില്‍ കൂടി നടക്കുന്നത്‌ പല വിധത്തിലുള്ള ഗുണങ്ങള്‍ ശരീരത്തിന്‌ പ്രദാനം ചെയ്യുമെന്ന്‌ ചില പഠനങ്ങള്‍ പറയുന്നു. എര്‍ത്തിങ്‌ അഥവാ ഗ്രൗണ്ടിങ്‌ എന്നാണ്‌ ഇത്തരത്തിലുള്ള നടത്തത്തിന്‌ പറയുന്ന പേര്‌. ഇത്‌ മൂലം ഉണ്ടാകുമെന്ന്‌ കരുതപ്പെടുന്ന ആരോഗ്യ ഗുണങ്ങള്‍ ഇനി പറയുന്നവയാണെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാണിക്കുന്നു. 

1. സമ്മര്‍ദ്ദം കുറയ്‌ക്കും

ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള കാല്‍ പാദത്തിലെ ചില പ്രഷര്‍ പോയിന്റുകളെ ഉത്തേജിപ്പിക്കാന്‍ ഈ നടത്തം വഴി സാധിക്കുമെന്ന്‌ കരുതപ്പെടുന്നു. നമ്മുടെ നാഡീവ്യൂഹ വ്യവസ്ഥയെ ശാന്തമാക്കി കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ ഉത്‌പാദനം കുറയ്‌ക്കാനും ഈ നടത്തം സഹായിക്കും. 

2. നല്ല ഉറക്കം

നമ്മുടെ ശരീരത്തിന്റെ ഉറക്ക-ഉണര്‍വുകളെ ബാധിക്കുന്ന ഒന്നാണ്‌ ഉള്ളിലുള്ള സിര്‍ക്കാഡിയന്‍ റിഥം എന്ന ക്ലോക്ക്‌. ഭൂമിയുടെ പ്രകൃതിദത്ത ഇലക്ട്രോണുകളുമായി ശരീരത്തെ ബന്ധിപ്പിച്ച്‌ സിര്‍ക്കാഡിയന്‍ റിഥത്തെ സ്വാധീനിക്കാനും നല്ല നല്‍കാനും എര്‍ത്തിങ്ങിന്‌ സാധിക്കുമെന്ന്‌ ജേണല്‍ ഓഫ്‌ എന്‍വയോണ്‍മെന്റല്‍ ആന്‍ഡ്‌ പബ്ലിക്‌ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. 

3. മൂഡ്‌ മെച്ചപ്പെടുത്തുന്നു

പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്നുള്ള ഈ നടപ്പ്‌ ശരീരത്തിലെ ഫീല്‍ ഗുഡ്‌ കെമിക്കലുകളായ എന്‍ഡോര്‍ഫിനുകളുടെ ഉത്‌പാദനം വര്‍ധിപ്പിച്ച് മൂഡും വൈകാരിക സന്തുലനവും മെച്ചപ്പെടുത്തുമെന്ന്‌ കരുതപ്പെടുന്നു. 

4. പ്രതിരോധ ശേഷിക്കും നല്ലത്‌

ശരീരത്തിലെ നീര്‍ക്കെട്ടും കുറച്ച്‌ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനും പുല്ലിലുള്ള നടപ്പ്‌ സഹായിക്കുമെന്ന്‌ ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

5. രക്തചംക്രമണം മെച്ചപ്പെടും

പുല്ലിലൂടെ നഗ്നപാദരായി നടക്കുമ്പോള്‍ കാല്‍പാദത്തിന്‌ ഒരു മസാജിന്റെ പ്രയോജനം ലഭിക്കാറുണ്ട്‌. ഇത്‌ കാലിലേക്കുള്ള രക്തചംക്രമണം വര്‍ധിപ്പിച്ച്  ശരീരത്തിന്‌ ഉണര്‍വും ഊര്‍ജ്ജവും നല്‍കും. 

6. ഹൃദയത്തിനും നല്ലത്‌

പുല്ലിലൂടെയുള്ള നടപ്പ്‌ സമ്മര്‍ദ്ദവും നീര്‍ക്കെട്ടും കുറയ്‌ക്കുന്നത്‌ സ്വാഭാവികമായും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. 

7. ശരീത്തിന്റെ പോസ്‌ചര്‍ മെച്ചപ്പെടുത്തും

ചെരുപ്പിടാതെ പുല്ല്‌ പോലെയുള്ള സമമല്ലാത്ത പ്രതലങ്ങളില്‍ നടക്കുന്നത്‌ കാലിലെ പേശികളെ കൂടുതല്‍ കരുത്തുറ്റതാക്കും. ഇത്‌ ശരീരത്തിന്റെ പോസ്‌ചര്‍ മെച്ചപ്പെടുത്തി പുറം വേദന പോലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കും. 

എര്‍ത്ത്‌എക്‌സ്‌ പോലുള്ള ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ എര്‍ത്തിങ്ങിനെ കുറിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്‌.   അതേ സമയം ഭൂമിയുടെ ഇലക്ട്രോണുകള്‍ ശരീരത്തിലേക്ക്‌ ഒഴുകുമെന്നത്‌ പോലുള്ള വാദങ്ങള്‍ സ്യൂഡോ സയന്‍സ്‌ ആണെന്നുള്ള വിമര്‍ശനവും ഉയരുന്നു.  എര്‍ത്തിങ്ങിന്റെ ഗുണങ്ങളെ സംബന്ധിച്ചുള്ള അവകാശവാദങ്ങള്‍ക്ക്‌ ചില പഠനങ്ങളുടെ പിന്തുണയുണ്ടെങ്കിലും അവ സ്ഥിരീകരിക്കാന്‍ വന്‍ തോതിലുള്ള വലിയ ഗവേഷണങ്ങള്‍ ആവശ്യമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *