പാണക്കാട് തങ്ങൾക്കെതിരെയുള്ള പ്രസ്താവന: ഉമ്മർ ഫൈസിക്ക് സമസ്ത ഷോക്കോസ് നോട്ടീസ് നൽകി
കോഴിക്കോട്: ഏറെക്കാലമായി സമസ്തയിൽ തുടരുന്ന ശീതയുദ്ധം രൂക്ഷമാവുന്നു. മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും സമസ്തയുടെ സമുന്നത നേതാവും അനേകം മഹല്ലുകളുടെ ഖാസിയുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്തയുടെ മുതിർന്ന മുശാവറ അംഗവും കേന്ദ്ര കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയുമായ മുക്കം ഉമർ ഫൈസിക്കെതിരെ സമസ്ത കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
പാണക്കാട് തങ്ങൾ ഖാസി സ്ഥാനത്തിന് യോഗ്യനല്ലെന്നും , രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ച് ചിലർ ചേർന്ന് ഖാസി ആക്കുകയാണ് എന്നും ഉമർ ഫൈസി ആരോപിച്ചിരുന്നു. തുടർന്ന് ഉമർ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ അടക്കമുള്ള നേതാക്കൾ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
ഇതിനോടകം ഉമ്മർ ഫൈസിയുടെ പ്രസ്താവന സമസ്തയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഉമ്മർ ഫൈസിക്ക് പിന്തുണയുമായി ഏതാനും മുശാവറ അംഗങ്ങൾ അടക്കമുള്ളവർ സജീവമായി രംഗത്തുണ്ട്. എന്നാൽ സുപ്രഭാതം പത്രത്തിൽ തങ്ങളുടെ പേരിൽ ഉമ്മർ ഫൈസിക്ക് പിന്തുണ എന്ന തരത്തിൽ വന്ന വാർത്ത വ്യാജമാണെന്നും തങ്ങളുടെ അറിവോടെ അല്ലെന്നും സമസ്ത വൈസ് പ്രസിഡണ്ടുമാരായ നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാരും, യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ മൊഗ്രാലും വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് ഉമ്മർ ഫൈസി പ്രഭാഷണം നടത്തിയ അതേ പ്രദേശത്ത് സമസ്ത നേതാക്കൾ അടക്കം പങ്കെടുത്ത വലിയ ആദർശ സമ്മേളനവും നടന്നു . ഉമ്മർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന് സമ്മേളനത്തിന്റെ പ്രമേയത്തിൽ സംഘാടകർ ആവശ്യപ്പെട്ടിരുന്നു. മലപ്പുറം ജില്ലാ സമസ്ത യോഗത്തിൽ ഉമ്മർ ഫൈസിക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയരുകയും, അദ്ദേഹത്തിന് എതിരെ പ്രമേയം പാസാക്കണമെന്ന് അഭിപ്രായമുയരുകയും ചെയ്തിരുന്നു.
കേരളത്തിലെ മുസ്ലിം സംഘടനകൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള മതസംഘടന കൂടിയായ സമസ്ത നിലവിൽ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളിൽ സംഘടനാപരമായി ഏറെ പരാജയപ്പെട്ടിട്ടുണ്ടെന്ന് സംഘടനാവൃത്തങ്ങളിൽ നിന്നുതന്നെ അഭിപ്രായങ്ങളുണ്ട്. ഉമ്മർ ഫൈസിയുടെ പാണക്കാട് തങ്ങൾക്കെതിരെയുള്ള പ്രസ്താവന ഇതിന് ആക്കം കൂട്ടുമെന്ന് വലിയൊരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നു.
പാണക്കാട് തങ്ങൾക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയിൽ മുക്കം ഉമർ ഫൈസി സമസ്തക്ക് വിശദീകരണം നൽകണം. വിശദീകരണം ആവശ്യപ്പെട്ടുള്ള കത്ത് ഉമ്മർ ഫൈസിക്ക് അയച്ചിട്ടുണ്ടെന്ന് സമസ്ത മാനേജർ മായിൻകുട്ടി മാസ്റ്റർ പറഞ്ഞു.
ഇബ്രാഹിം സാദിഖ് കോഴിക്കോട്