ഓണക്കാലത്ത് ബെവ്കോ വിൽപ്പന റെക്കോർഡ്; 826 കോടിയുടെ മദ്യം വിറ്റഴിഞ്ഞു
ഉത്രാടം ദിവസം മാത്രം ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി ₹137.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്
തിരുവനന്തപുരം ∙ ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപ്പനയില്‍ വീണ്ടും റെക്കോർഡ്. ഓണക്കാലത്തെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
ഉത്രാടം ദിവസം മാത്രം ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി ₹137.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 2024ലെ ഉത്രാടം ദിവസം ഉണ്ടായിരുന്ന ₹126.01 കോടി രൂപയുടെ വിൽപ്പനയെ അപേക്ഷിച്ച് 9.2 ശതമാനം വർധനവാണിത്.
ഉത്രാടം നാളിൽ ഒരു കോടിയിലധികം രൂപയുടെ വിൽപന നടന്ന ആറ് ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ മൂന്നും കൊല്ലം ജില്ലയിലാണ് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്, 1.46 കോടി രൂപ. കാവനാട് (ആശ്രാമം) ഔട്ട്‌ലെറ്റിൽ 1.24 കോടി രൂപയുടെയും മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്‌ലെറ്റിൽ 1.11 കോടി രൂപയുടെയും തൃശ്ശൂർ ചാലക്കുടി ഔട്ട്‌ലെറ്റിൽ 1.07 കോടി രൂപയുടെയും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിൽ 1.03 കോടി രൂപയുടെയും കൊല്ലം കുണ്ടറയിൽ ഒരു കോടി രൂപയുടെയും മദ്യം വിറ്റഴിച്ചു. തിരുവോണദിനത്തിൽ ബെവ്കോ ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല.
2025 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 4 വരെ ബെവ്കോയുടെ മൊത്തം മദ്യവിൽപ്പന ₹8,962.97 കോടി ആയി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (₹8,267.74 കോടി) അപേക്ഷിച്ച് ഇത് ₹698.23 കോടി വർധനയാണ്. 2024-25 വർഷത്തിൽ ബെവ്കോയുടെ വാർഷിക മൊത്തം വിൽപ്പന ₹19,730.66 കോടി ആയി, കഴിഞ്ഞ വർഷത്തേക്കാൾ 3.5 ശതമാനം ഉയർച്ചയും രേഖപ്പെടുത്തി.