മാസ് ലുക്കിൽ താര രാജാക്കന്മാർ; മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ‘പാട്രിയറ്റ്’ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി
കൊച്ചി: സിനിമാപ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ‘പാട്രിയറ്റ്’ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൻ സ്വീകാര്യതയോടെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിൻ്റെ പ്രധാന ആകർഷണം. ചിത്രത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ഗംഭീര ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി മാറുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി ‘പാട്രിയറ്റി’ൻ്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകർ നേരത്തെ ആഘോഷമാക്കിയിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്.