National

സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിച്ച നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

ഭോപ്പാൽ: സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ സ്കൂൾ അധ്യാപകരായ മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിച്ച മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു രാത്രി മുഴുവൻ തണുപ്പും പ്രാണികളുടെ കടിയുമേറ്റ് കാട്ടിൽ കഴിഞ്ഞിട്ടും ജീവൻ തിരിച്ചുപിടിച്ച കുഞ്ഞിൻ്റെ അതിജീവനം ഏവരെയും ഞെട്ടിച്ചു.

ഗ്രാമീണർ കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രക്തം പുരണ്ട് വിറയ്ക്കുന്ന നിലയിലായിരുന്ന കുഞ്ഞിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചാണ് ഈ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

കുട്ടിയെ ഉപേക്ഷിച്ച സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകരായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദൻവാഡി ഗ്രാമത്തിൽ റോഡ് ഘട്ടിനടുത്തെ വനത്തിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. അതുവഴി കടന്നുപോയ ഒരാളാണ് പാറകൾക്കടുത്ത് നവജാതശിശു കിടക്കുന്നതുകണ്ട് പൊലീസിനെ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തി പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കൂടുതൽ പരിചരണത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *