‘മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം’; കെസി വേണുഗോപാൽ
ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ട്. സർക്കാർ ഉത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ല കാര്യമാണ്.പക്ഷേ അത് രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങായതുകൊണ്ട് പരിപാടി വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി മോഹൻലാലിനെ പോലൊരു കലാകാരനെ ഉപയോഗിക്കണോ എന്ന് തീരുമാനിക്കേണ്ടത് പരിപാടിയുടെ സംഘാടകരായ സർക്കാരാണ്. സർക്കാരിന്റെ തെറ്റുകളിൽ ജനങ്ങൾക്ക് വെറുപ്പ് തോന്നിത്തുടങ്ങിയപ്പോൾ അത് മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നത്. ഫുട്ബോളും ഇതപോലെ നടത്തും. അയ്യപ്പ സംഗമത്തിന്റെ കെണിയിൽ വീണിരിക്കുന്ന സർക്കാരിന്റെ രക്ഷപെടൽ ശ്രമമാണിതൊക്കെ.സര്‍ക്കാരിന്റെ ചെയ്തികള്‍ അവരെ തന്നെ വേട്ടയാടുകയാണ്. തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന സര്‍ക്കാരാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു.ശബരിമലയെ വിവാദ ഭൂമിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു രാഷ്ട്രീയതാല്‍പ്പര്യമാണ് അതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.