രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് തുലാമാസ പൂജയ്ക്ക് തീർത്ഥാടകരുടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 22ന് വൈകിട്ട് 3ന് രാഷ്ട്രപതി സന്നിധാനത്ത് എത്തുമെന്ന് കാണിച്ച് രാഷ്ട്രപതി ഭവന്റെ അറിയിപ്പ് ഇന്നലെ സർക്കാരിന് ലഭിച്ചു.
രാഷ്ട്രപതി ദര്‍ശനത്തിന് എത്തുന്ന സമയം നിശ്ചയിക്കണമെന്ന ശുപാർശ ദേവസ്വം ബോര്‍ഡും പോലീസും രാഷ്ട്രപതി ഭവനെ അറിയിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടുമായി എത്തുന്ന രാഷ്ട്രപതിക്ക് നെയ്യഭിഷേക വഴിപാട് നടത്തണമെങ്കില്‍ ഉച്ച പൂജയ്ക്ക് മുൻപ് എത്തണമെന്നും അറിയിച്ചിട്ടുണ്ട്.
സുരക്ഷാ പ്രശ്നം ഉള്ളതിനാൽ തുലാമാസ പൂജയ്ക്കായി നടതുറക്കുന്ന 17ന് മാത്രമാണ് തീർത്ഥാടകർക്ക് ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളത്. നട തുറക്കുന്നത് വൈകിട്ടായതിനാൽ കുറച്ചുപേർക്ക് മാത്രമേ അന്ന് അവസരം ലഭിക്കൂ.
പോലീസിന്റെ നിർദേശം ലഭിച്ചാൽ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ബുക്കിങ് അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. 21നും 22നും ആർക്കും ബുക്കിങ് അനുവദിക്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഇന്നലെ ശബരിമലയിൽ എത്തി.