Saturday, January 25, 2025
LatestPolitics

സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആര്‍എസ്എസ്; വിശേഷ് സമ്പർക്ക പ്രമുഖ് എ. ജയകുമാറുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ്. ആർഎസ്എസ് വിശേഷ് സമ്പർക്ക പ്രമുഖ് ജയകുമാർ സന്ദീപ് വാരിയറുമായി കൂടിക്കാഴ്ച നടത്തി.ദത്താത്രേയ ഹൊസബാലെയുമായി എഡിജിപി എം.ആർ അജിത്കുമാറിന് കുടിക്കാഴ്ചയൊരുക്കിയത് എ.ജയകുമാറാണ്. അതേസമയം ജ്യേഷ്ഠ തുല്യനായ ജയകുമാർ വന്നതിൽ സന്തോഷമെന്നും പറഞ്ഞതെല്ലാം അദ്ദേഹം കേട്ടുവെന്നും ഞാൻ ഇപ്പോഴും ബിജെപിക്കാരനാണെന്നും സന്ദീപ് വ്യക്തമാക്കി.നേരത്തെ ബിജെപി സംസ്ഥാന സമിതിയംഗം പി.ആർ ശിവശങ്കറും സന്ദീപ് വാര്യരെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയെന്നാണ് ശിവശങ്കർ വ്യക്തമാക്കിയത്. ഒരാളെയും പാര്‍ട്ടിയില്‍ നിന്ന് വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതൃത്വത്തിനെതിരെ കലാപമുയർത്തിയാണ് സന്ദീപ് വാര്യർ രംഗത്തുള്ളത്. പാർട്ടിയിൽ നിന്ന് നിരന്തരം അവഗണന നേരിട്ട് അപമാനിതനായെന്നും പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമിച്ചില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. അമ്മ മരിച്ചിട്ടുപോലും തന്റെ വീട്ടിൽ വരാത്ത പാലക്കാട്ടെ സ്ഥാനാർഥി സി. കൃഷ്ണകുമാറിനായി പ്രചാരാണത്തിനിറങ്ങില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.പാർട്ടി പരിപാടികളിലും വേദികളിലും നിരന്തരം നേരിട്ട അവഗണനയാണ് വിട്ടുനിൽക്കലിന് പ്രേരിപ്പിച്ചതെന്ന് സന്ദീപ് വാര്യർ മീഡിയവണിന്നോട് പറഞ്ഞു. അതിനിടെ സന്ദീപിന് സ്വാഗതമോതി സിപിഎം രംഗത്തെത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടി.

പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളല്ല നയമാണ് പ്രശ്നം, ഇടതുപക്ഷത്തിന് അനുകൂലമായ നയം സ്വീകരിച്ചാൽ സന്ദീപിനെ സ്വീകരിക്കും. മുൻപും സമാനമായ കാഴ്ചപ്പാടുള്ള വരെ സിപിഎം സ്വീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *