കോടതി നടപടികള്‍ മൊബൈലില്‍ പകര്‍ത്തി; സിപിഎം വനിതാ നേതാവിനെ നിര്‍ത്തിപ്പൊരിച്ച് കോടതി
കണ്ണൂര്‍: വിചാരണയ്ക്കിടെ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവിനെതിരെ നടപടിയുമായി കോടതി. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെപി ജ്യോതിയോടാണ് കോടതി സമയംതീരുംവരെ നില്‍ക്കാന്‍ നിര്‍ദേശിച്ചത്. അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി നടപടി മൊബൈലില്‍ പകര്‍ത്തുന്നത് ജഡ്ജ് കാണുകയായിരുന്നു. ജ്യോതിക്ക് ആയിരം രൂപ കോടതി പിഴയിടുകയും ചെയ്തു. മാപ്പപേക്ഷ എഴുതി നല്‍കിയ ജ്യോതിയെ നടപടികള്‍ തീരും വരെ കോടതി മുറിയില്‍ നിര്‍ത്തുകയും ചെയ്തു.
ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരുന്നത്. 2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. 20 പ്രതികളാണ് കേസിലുള്ളത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.


