കാരബാവോ കപ്പ്: മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്, ഗ്രിംസ്ബി ടൗണിന് തകർപ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പായ കാരബാവോ കപ്പിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നാണം കെട്ടു പുറത്ത്. ആവേശകരമായ മത്സരത്തിൽ ലീഗ് ടൂ ക്ലബ്ബായ ഗ്രിംസ്ബി ടൗണിനോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. ബ്ലണ്ടൽ പാർക്കിൽ നടന്ന അട്ടിമറി വിജയത്തിൽ ഗ്രിംസ്ബി ടൗൺ ആരാധകർ ആഹ്ലാദാരവങ്ങളോടെ വിജയം ആഘോഷിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗ്രിംസ്ബി ടൗൺ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ചാൾസ് വെർനം, ടൈറൽ വാറൻ എന്നിവർ നേടിയ ഗോളുകളിൽ അവർ 2-0-ന് മുന്നിലെത്തി. യുണൈറ്റഡിന്റെ മുൻ അക്കാദമി താരമായ ടൈറൽ വാറൻ, ഗോൾകീപ്പർ ആന്ദ്രെ ഒനാനയുടെ പിഴവ് മുതലെടുത്താണ് രണ്ടാം ഗോൾ നേടിയത്.രണ്ടാം പകുതിയിൽ യുണൈറ്റഡ് സൂപ്പർ താരങ്ങളായ ബ്രയാൻ എംബ്യൂമോ, മാഗ്വെയർ എന്നിവരെ കളത്തിലിറക്കി ശക്തമായി തിരിച്ചുവന്നു. 75-ാം മിനിറ്റിൽ എംബ്യൂമോ ഒരു ഗോൾ മടക്കി. പിന്നീട് ഇഞ്ചുറി ടൈമിൽ ഹാരി മാഗ്വെയർ ഹെഡ്ഡറിലൂടെ സമനില ഗോൾ നേടിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.ഷൂട്ടൗട്ടിൽ ഇരു ടീമുകളും തുടക്കത്തിൽ കൃത്യത പാലിച്ചു. എന്നാൽ, ഗ്രിംസ്ബി താരം ക്ലാർക്ക് ഒഡോറിൻ്റെ കിക്ക് ഒനാന തടഞ്ഞെങ്കിലും, യുണൈറ്റഡ് താരം മാറ്റിയസ് കുൻഹയുടെ കിക്ക് ഗ്രിംസ്ബി ഗോൾകീപ്പർ ക്രിസ്റ്റി പിം തടുത്തിട്ടതോടെ മത്സരം വീണ്ടും ആവേശത്തിലായി.ഷൂട്ടൗട്ടിൽ ഇരു ടീമിലെയും താരങ്ങൾക്ക് വീണ്ടും കിക്കെടുക്കേണ്ടി വന്നു. ഒടുവിൽ, നിർണ്ണായകമായ പെനാൽറ്റി കിക്കെടുത്ത എംബ്യൂമോയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി പുറത്തേക്ക് പോയതോടെ ഗ്രിംസ്ബി ടൗൺ ചരിത്ര വിജയം സ്വന്തമാക്കി. ഇതോടെ യുണൈറ്റഡിനെ പുറത്താക്കി ഗ്രിംസ്ബി ടൗൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
