സുപ്രീംകോടതി ജാമ്യം അനുവദിച്ചു; അധോലോക കുറ്റവാളി അരുണ്‍ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്
ന്യൂഡല്‍ഹി ∙ 2007-ലെ മുംബൈയിലെ ശിവസേന നേതാവ് കമലാകർ ജംസൻറെഡെക്കാറിന്റെ കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന അധോലോക കുറ്റവാളിയും മുൻ രാഷ്ട്രീയ പ്രവർത്തകനുമായ അരുണ്‍ ഗാവ്‌ലി (76)യ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
2012-ൽ മഹാരാഷ്ട്ര നിയന്ത്രിത സംഘടിത കുറ്റകൃത്യനിയമം (MCOCA) പ്രകാരം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഗാവ്‌ലി കഴിഞ്ഞ 17 വർഷമായി ജയിൽവാസത്തിലായിരുന്നു. അപ്പീൽ ഹർജികൾ ഇതുവരെ പരിഗണിക്കപ്പെടാതെ നീണ്ടുനിന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

എന്നാൽ ഗാവ്‌ലി ജയിലിന് പുറത്തേക്ക് എത്താൻ, ട്രയൽ കോടതിയുടെ അന്തിമ അനുമതി കൂടി വേണം. നടപടിക്രമങ്ങൾ പൂർത്തിയായാൽ അടുത്ത മാസങ്ങളിൽ തന്നെ മോചിതനാകാൻ സാധ്യതയുണ്ട്.
കോടതി കേസ് സംബന്ധിച്ച അപ്പീൽ വിചാരണ 2026 ഫെബ്രുവരിയിലേക്ക് മാറ്റി.
അഖിൽ ഭാരതീയ സേന എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ കൂടിയായ അരുൺ ഗാവ്‌ലി 2004 നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ ചിഞ്ച്‌പൊക്ലിയിൽനിന്നു വിജയിച്ചിരുന്നു. കൊലക്കേസിൽ അറസ്റ്റിലായതോടെ ഭാര്യയും മകളുമാണു പാർട്ടിയെ മുന്നോട്ട് നയിച്ചത്. ജയിൽവാസം നീണ്ടതോടെ രാഷ്ട്രീയക്കരുത്ത് ചോർന്നു.