കെ ജെ ഷൈനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന കേസ്; പോലീസിന് നാണക്കേട്; കെ എം ഷാജഹാന് ജാമ്യം
കൊച്ചി: സിപിഎം നേതാവും മുൻ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായിരുന്ന കെ ജെ ഷൈനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ പ്രശസ്ത യൂട്യൂബർ കെഎം ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. ഷാജഹാനെതിരെ പോലീസ് ഉന്നയിച്ച അവകാശവാദങ്ങളെയും അറസ്റ്റ് നടപടിക്രമങ്ങളെയും വിമർശിച്ചുകൊണ്ടാണ് എറണാകുളം സിജെഎം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് വിലക്കുക അടക്കമുള്ള ഉപാധികളാണ് ജാമ്യത്തിൽ ഉള്ളത്. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ അസി: പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാൻ.
ഇന്നലെ രാത്രി തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കൊച്ചി ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവ റൂറൽ സൈബർ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്ന് ഇന്നു വൈകിട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ കേസെടുത്ത് വെറും 3 മണിക്കൂറിനുള്ളിൽ എങ്ങനെയാണ് പൊലീസ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് ഷാജഹാന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് എന്ന് കോടതി ചോദിച്ചു. ഒപ്പം ആലുവ റൂറൽ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പൊലീസ് എങ്ങനെയാണ് കസ്റ്റഡിയിലെടുക്കുന്നതെന്നും കോടതി ആരാഞ്ഞു. കെ. ജെ. ഷൈനിന്റെ പരാതി അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ചെങ്ങമനാട് എസ്എച്ച്ഒയും ഉൾപ്പെടുന്നതു കൊണ്ടാണ് ഇത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വാദിച്ചു. എന്നാൽ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കോടതി ചോദ്യം ചെയ്തു. പരാതിക്കാരിയെ പൊതുസമൂഹത്തിനു മുന്നില്‍ മോശമായി ചിത്രീകരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നതിനായി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ലൈംഗിക ചുവയുള്ള പരാമർശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വിഡിയോകളും നിരന്തരമായി ചെയ്യുന്നു എന്നും ഇത് ഗുരുതരമായ കുറ്റമാണെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. എന്നാൽ റിമാൻഡ് റിപ്പോർട്ടിലുള്ള ലൈംഗിക പരാമർശങ്ങളൊന്നും വിഡിയോയിൽ ഇല്ലല്ലോ എന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും കോടതി ആരായുകയായിരുന്നു. തുടർന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
നേരത്തെ തനിക്കെതിരെ സൈബർ ആക്രമണവും അധിക്ഷേപകരമായ പരാമർശങ്ങളും നടത്തുന്നു എന്നു കാട്ടി കെ.ജെ.ഷൈനിന്റെ പരാതിയിൽ പൊലീസ് കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണൻ, ഷാജഹാൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ ആറു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഷാജഹാനെ വിട്ടയച്ചു. എന്നാൽ പിന്നീട് പ്രസിദ്ധീകരിച്ച വിഡിയോയിൽ തന്റെ പേര് അടക്കം ഷാജഹാൻ പരാമർശിച്ചു എന്നു കാട്ടി കെ.ജെ.ഷൈൻ പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തെത്തി പൊലീസ് ഷാജഹാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.