കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു.
ഹരിപ്പാടം ദാറുസുബഹ് വീട്ടിൽ മൂർത്തസാ അലിൻ റഷീദ് (27), വൈക്കം പുളിതുരുത്തിൽ റിതിക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്.
തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ട് യുവാക്കൾ മരണപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടെ തലയോലപ്പറമ്പിന് അടുത്ത് തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം നടന്നത്. ഹരിപ്പാടം ദാറുസുബഹ് വീട്ടിൽ മൂർത്തസാ അലിൻ റഷീദ് (27), വൈക്കം പുളിതുരുത്തിൽ റിതിക് മുഹമ്മദ് (29) എന്നിവരാണ് മരിച്ചത്.
മൂർത്തസാ അലിൻ റഷീദിന്റെ കബറടക്കം കരിപ്പാടം മുഹിയുദ്ദീൻ ജുമാമസ്ജിദിൽ നടക്കും. പിതാവ് ടി.എം റഷീദ്, മാതാവ് സജിത, സഹോദരങ്ങൾ റിതു റഷീദ്, റിയാസ് അലി റഷീദ്. ഫോഴ്സ് ലാൻഡ് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു മൂർത്തസ അലിൻ റഷീദ്.
റിതിക് മുഹമ്മദിൻറെ കബറടക്കം ഉദയാനപുരം നക്കം തുരുത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. പിതാവ് അബു, മാതാവ് റുക്സാന, സഹോദരങ്ങൾ അമാൻ, റിസാൻ. പ്രവാസിയായിരുന്ന റിതിക്ക് ഒരു മാസം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തി ബിസിനസ് ആരംഭിച്ചത്. ഇരുവരും അവിവാഹിതരാണ്.
എറണാകുളത്തു നിന്നും കോട്ടയത്തേക്ക് റഫ്രിജറേറ്ററുമായി ലോറിയുമാണ് ഇരുവരും സഞ്ചരിച്ച കാർ കൂട്ടിയിടിച്ചത്. ഋതിക്കിന്റെ വീട്ടിൽ നിന്നും മുർതസയുടെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ലോറിയുടെ മുൻഭാഗവും കാർ പൂർണമായും തകർന്നു. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.