വാക്കുതർക്കത്തെത്തുടർന്ന് ചോറ്റാനിക്കരയിൽ ജ്യേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു
ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്
കൊച്ചി: വാക്കുതർക്കത്തെത്തുടർന്ന് ചോറ്റാനിക്കരയിൽ ജ്യേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠനാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠൻ മാണിക്യനെ ചോറ്റാനിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 8.30 ഓടെ ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ മാണിക്യൻ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ അനുജന്റെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ മണികണ്ഠനെ ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. വാക്ക് തർക്കത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് സൂചിപ്പിച്ചു.

